പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിദേശികളും ഉത്തരേന്ത്യക്കാരും ഒഴുകിയെത്തുന്നു; കോളടിച്ചത് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾക്ക്; കുമരകത്തും വാഗമണ്ണിലും ജനുവരി ആദ്യവാരം വരെ ഹോട്ടലുകളും റിസോര്‍ട്ടുകളും കിട്ടാക്കനി

കോട്ടയം: ക്രിസ്മസിന് പിറകേ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സഞ്ചാരികള്‍ വന്നുനിറഞ്ഞതോടെ ജനുവരി ആദ്യവാരം വരെ കുമരകത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളും കിട്ടാക്കനി.

കുമരകത്ത് മാത്രം 20 മുതല്‍ 25 കോടി രൂപയാണ് ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷത്തില്‍ നിന്ന് ഹോട്ടല്‍ രംഗം പ്രതീക്ഷിക്കുന്നത്.
സെവന്‍ സ്റ്റാര്‍ ഉള്‍പ്പെടെ ചെറുതും വലുതുമായി മൂന്നു ഡസനിലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് കുമരകത്തുള്ളത്.

സെവന്‍ സ്റ്റാറില്‍ ഡബിള്‍ റൂമിന് രണ്ടു പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് ഉള്‍പ്പടെ വാടക 30000ന് മുകളിലാണ് .ഫൈവ് സ്റ്റാറില്‍ ഇത് 25000 മുതലാണ്. ഫോര്‍ സ്റ്റാറില്‍ 15000 രൂപ വരെയാണ്. ചെറുകിട ഹോട്ടലുകളില്‍ 2000 വരെയാണ് വാടക.

ഒരു ദിവസം ശരാശരി ഒന്നേമുക്കാല്‍ കോടിയോളം വരുമാനം ഹോട്ടലുകള്‍ക്ക് മാത്രമായി ലഭിക്കുമെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന അയ്യപ്പഭക്തരും കുമരകത്തെത്തുന്നുണ്ട്.

കോട്ടയം ജില്ലയില്‍ കുമരകത്തിന് പുറമേ വാഗമണ്ണിലും മുറികള്‍ കിട്ടാതായി. ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലുമെല്ലാം സഞ്ചാരികളുടെ തിരക്കാണ്.