കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ തിരക്കുള്ള സമയം കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുത്തു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നയാളാണോ നിങ്ങൾ? എന്നാൽ, നിങ്ങൾക്ക് ട്രെയിൻ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.
കാരണം റെയിൽവേ സ്‌റ്റേഷനിലെ അൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുമ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് സ്‌ഥലം വിട്ടിട്ടുണ്ടാകും. രാവിലെയും വൈകിട്ടും പ്രൈം ടൈമിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കാണ് അത്ര ശുഭമല്ലാത്ത യാത്ര.
അവധി ദിനങ്ങളിൽ ക്യൂവിന്റെ നീളം വീണ്ടും വർധിക്കും. സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിൽ ഒരു ജനറൽ ടിക്കറ്റ് കൗണ്ടർ മാത്രമാണ് പലപ്പോഴും പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ കുറവാണു കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാന കവാടത്തിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) ചിലത് കഴിഞ്ഞ ദിവസം തകരാറിൽ ആയതോടെ തിരക്ക് വീണ്ടും വർധിച്ചു.
