കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനം: സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലം മാറ്റിയത്.

 

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന സംഭവത്തില്‍ അതിജീവിതക്ക് അനുകൂലമായി നിന്ന സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സീനിയര്‍ നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റിയത്. നിരുത്തരവാദപരമായ പെരുമാറ്റം കാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാൻ കാരണമെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.

തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ സന്ദര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്‌ അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്നാണ് അന്വേഷണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തല്‍.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. എല്ലാ വാര്‍ഡുകളും വ്യക്തമാകുന്ന തരത്തില്‍ സിസിടിവി സ്ഥാപിക്കണം. സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്നും മാറ്റാന്‍ മെയില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കരുതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.