പുതുപ്പള്ളി പള്ളിയങ്കണത്തിൽ ഇനി നൃത്തം വയ്ക്കും ജലധാര; 20 പാട്ടുകളുടെ താളത്തിൽ ജലനൃത്തം; ഒപ്പം വിവിധ വർണങ്ങളിൽ വെളിച്ചവും; കോട്ടയം ജില്ലയിലെ പള്ളിയിൽ ഇതാദ്യം

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ജലധാര ഒരുങ്ങുന്നു.

പള്ളിക്ക് മുൻപിലൂടെ ഒഴുകുന്ന കൊടൂരാറിന്റെ കൈവഴിക്കു സമീപമാണ് ജലധാര. രണ്ടായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള ടാങ്കിലാണ് നൂറടിയിലധികം നീളത്തിൽ ജലധാര സജ്ജമാക്കുന്നത്.

34 നോസിലുകളിൽ നിന്ന് അഞ്ചു മീറ്ററിലധികം ഉയരത്തിൽ ജലം ചീറ്റുന്ന രീതിയിലാണ് ക്രമീകരണം. കംപ്യൂട്ടറിൽ ക്രമീകരിക്കുന്ന 20 പാട്ടുകളുടെ താളത്തിന് അനുസരിച്ചാവും ജലനൃത്തം. ഇതിനൊപ്പം വിവിധ വർണങ്ങളിൽ വെളിച്ചവും വിതറുന്നതോടെ നയനമനോഹരമാവും കാഴ്ച.

കൃത്രിമ തിരമാല സൃഷ്ടിക്കാനും കഴിയും. ഭാവിയിൽ ലേസർ പ്രദർശനവും നടത്താം. രണ്ടു മാസം മുൻപാണ് നിർമാണം തുടങ്ങിയത്. രണ്ടാഴ്ച കൊണ്ട് പൂർത്തിയാകും. 37 ലക്ഷത്തോളം രൂപയാണ് ചെലവ്.

ഓഫിസ് സമുച്ചയം, വിഐപി വിഭാഗം, പതിനെട്ടാം പടി എന്നിവയുടെ പുനരുദ്ധാരണവും നടക്കുന്നുണ്ടെന്ന് സെക്രട്ടറി സിബി ജോസഫ്, ട്രസ്റ്റിമാരായ ഫിലിപ്പോസ് വി. ഏബ്രഹാം, എൻ.കെ. മാത്യു എന്നിവർ അറിയിച്ചു.

കോട്ടയം ജില്ലയിലെ ഒരു പള്ളിയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ നൃത്തംവയ്ക്കുന്ന ജലധാര ഒരുക്കുന്നതെന്ന് ബോസ്കോ വാട്ടർ വിഷൻ ഫൗണ്ടൻ എംഡി ബോസ്കോ ലൂക്കോസ് പറഞ്ഞു. വാഗമണ്ണിലും മൂന്നാറിലും ഇതുപോലെ ജലധാരയുണ്ട്. കോട്ടയം ചിൽഡ്രൻസ് പാർക്കിൽ ജലധാര ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനരഹിതമാണ്.