കോട്ടയം: മാർച്ച് 31ന് മുൻപ് കേരളം മാലിന്യമുക്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി കോടിമത– ചന്തക്കടവ് എംജി റോഡിൽ വീണ്ടും മാലിന്യക്കൂമ്പാരം. മൂക്കുപൊത്താതെ നടക്കാൻ സാധിക്കാത്ത അവസ്ഥയെന്ന് പരാതി.
ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണത്തിന് നൽകിയ ആഹ്വാനം എത്രത്തോളം നടപ്പായി എന്ന് പരിശോധിക്കണമെന്നും ആവശ്യമുയരുന്നു. എംജി റോഡിൽ ചന്തക്കടവിനോട് ചേർന്ന ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞത് പ്രദേശമാകെ പരന്നു കിടക്കുന്നു. ഇവയിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് മാലിന്യമാണ്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ലെന്നു പൊതുജനങ്ങൾ പറയുന്നു. കോടിമതയിലെ മുഖ്യ മാലിന്യസംഭരണ കേന്ദ്രത്തിന് സമീപത്തെ പാടത്തും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞിട്ടുണ്ട്.
എംജി റോഡിന്റെ ചില ഭാഗങ്ങളിൽ തെർമോകോളും ഉണക്കമീൻ കൊണ്ടുവന്ന വട്ടികളും പായകളും കൂട്ടിയിട്ടിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ ഒട്ടേറെ ഭാഗങ്ങളിൽ ജീർണിച്ച അജൈവമാലിന്യവും കൂടിക്കിടക്കുന്നു. ഇവയുടെ കൂട്ടത്തിൽ ഡയപ്പറുകളും നാപ്കിനുകളും ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസബിൾ പ്ലേറ്റുകളും ഗ്ലാസുകളുമുണ്ട്. ദുർഗന്ധം അസഹനീയമാണെന്ന് പച്ചക്കറി മാർക്കറ്റിൽ എത്തുന്നവർ പറയുന്നു.
