കോട്ടയം: തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്‌ധ സംഘം വീണ്ടും നഗരസഭയിലെ കണക്കുകളുടെ പരിശോധന ആരംഭിച്ചു. മുൻപ് കണക്കിൽ കണ്ടെത്തിയ 211 കോടിയുടെ പൊരുത്തക്കേട് സംബന്ധിച്ചാണ് പരിശോധന. 7 വരെയാണ് പരിശോധന.
2020–21 മുതൽ 2024–25 വരെയുള്ള 43 ഇനങ്ങളിലുള്ള മുഴുവൻ രേഖകളും ഹാജരാക്കണമെന്നു പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ അഭിലാഷ് രവീന്ദ്രൻ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഈ വർഷങ്ങളിലെ കൗൺസിൽ തീരുമാനങ്ങൾ, പദ്ധതി രേഖ, പദ്ധതി നിർവഹണം, കാഷ് ബുക്ക്, ട്രഷറി ബിൽ ബുക്ക്, പാസ് ബുക്ക്– ചെക്ക് ബുക്ക് – സ്റ്റോക്ക് റജിസ്റ്റർ, ഓഡിറ്റ് സംബന്ധമായ മുഴുവൻ രേഖകൾ എന്നിങ്ങനെയുള്ളവ ഹാജരാക്കാനാണ് നിർദേശം.
വിവിധ ഓഡിറ്റ് ഏജൻസികളുടെയും വകുപ്പുകളുടെയും റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന തീർപ്പാക്കാത്ത കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കും. ട്രഷറിയിൽ നിന്നു മാറിയെടുത്ത യാത്രാ ബില്ലുകളുടെ വിശദാംശങ്ങൾ പരിശോധിക്കും. ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കും.
ഈ രേഖകൾ സമാഹരിച്ച് നൽകുന്നതിനും പരിശോധന സംഘത്തെ സഹായിക്കുന്നതിനും 7 അംഗ ഉദ്യോഗസ്ഥ സംഘത്തെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഇതിനു മുൻപ് തദ്ദേശ വകുപ്പിലെ ഡയറക്ടറേറ്റിൽ നിന്നുള്ള ഒരു സംഘം പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു കൂടാതെ കോട്ടയം ഇന്റേണൽ വിജിലൻസ് ഓഫിസർ ഡോ.ചിത്ര പി.അരുണിമയുടെ നേതൃത്വത്തിൽ 2023–24 ലെ അക്കൗണ്ട്സും പരിശോധിച്ചിരുന്നു.
