Site icon Malayalam News Live

കോട്ടയം ന​ഗരസഭയിൽ 211 കോടിയുടെ പൊരുത്തക്കേട് കണ്ടെത്തിയ സംഭവം: തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്‌ധ സംഘം വീണ്ടും കണക്കുകളുടെ പരിശോധന ആരംഭിച്ചു; ട്രഷറിയിൽ നിന്നു മാറിയെടുത്ത യാത്രാ ബില്ലുകളും ജീവനക്കാരുടെ സമഗ്ര വിവരങ്ങളും ശേഖരിക്കും

കോട്ടയം: തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള വിദഗ്‌ധ സംഘം വീണ്ടും നഗരസഭയിലെ കണക്കുകളുടെ പരിശോധന ആരംഭിച്ചു. മുൻപ് കണക്കിൽ കണ്ടെത്തിയ 211 കോടിയുടെ പൊരുത്തക്കേട് സംബന്ധിച്ചാണ് പരിശോധന. 7 വരെയാണ് പരിശോധന.

2020–21 മുതൽ 2024–25 വരെയുള്ള 43 ഇനങ്ങളിലുള്ള മുഴുവൻ രേഖകളും ഹാജരാക്കണമെന്നു പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ അഭിലാഷ് രവീന്ദ്രൻ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഈ വർഷങ്ങളിലെ കൗൺസിൽ തീരുമാനങ്ങൾ, പദ്ധതി രേഖ, പദ്ധതി നിർവഹണം, കാഷ് ബുക്ക്, ട്രഷറി ബിൽ ബുക്ക്, പാസ് ബുക്ക്– ചെക്ക് ബുക്ക് – സ്റ്റോക്ക് റജിസ്റ്റർ, ഓഡിറ്റ് സംബന്ധമായ മുഴുവൻ രേഖകൾ എന്നിങ്ങനെയുള്ളവ ഹാജരാക്കാനാണ് നിർദേശം.

വിവിധ ഓഡിറ്റ് ഏജൻസികളുടെയും വകുപ്പുകളുടെയും റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന തീർപ്പാക്കാത്ത കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കും. ട്രഷറിയിൽ നിന്നു മാറിയെടുത്ത യാത്രാ ബില്ലുകളുടെ വിശദാംശങ്ങൾ പരിശോധിക്കും. ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കും.

ഈ രേഖകൾ സമാഹരിച്ച് നൽകുന്നതിനും പരിശോധന സംഘത്തെ സഹായിക്കുന്നതിനും 7 അംഗ ഉദ്യോഗസ്ഥ സംഘത്തെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഇതിനു മുൻപ് തദ്ദേശ വകുപ്പിലെ ഡയറക്ടറേറ്റിൽ നിന്നുള്ള ഒരു സംഘം പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു കൂടാതെ കോട്ടയം ഇന്റേണൽ വിജിലൻസ് ഓഫിസർ ഡോ.ചിത്ര പി.അരുണിമയുടെ നേതൃത്വത്തിൽ 2023–24 ലെ അക്കൗണ്ട്സും പരിശോധിച്ചിരുന്നു.

Exit mobile version