കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ സെക്യൂരിറ്റി സംവിധാനത്തിനെതിരെ പ്രതിഷേധവുമായി എച്ച്‌.ഡി.എസ് ജീവനക്കാര്‍; പുതിയ നീക്കം ആശുപത്രി വികസന സൊസൈറ്റിയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ആരോപണം; പുതിയ സെക്യൂരിറ്റി ചുമതല ജൂലൈ ഒന്നു മുതല്‍ എസ്.ഐ.എസ്.എഫ് ഏറ്റെടുക്കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന പുതിയ സെക്യൂരിറ്റി സംവിധാനത്തിനെതിരെ പ്രതിഷേധവുമായി എച്ച്‌.ഡി.എസ് ജീവനക്കാര്‍ രംഗത്ത്.

പുതിയ സംവിധാനത്തിലൂടെ അധിക സാമ്പത്തിക ബാധ്യത ഏല്‍പ്പിച്ചു ആശുപത്രി വികസന സൊസൈറ്റിയെ സാമ്പത്തികമായി തകര്‍ക്കുവാനുമുള്ള ശ്രമമാണെന്ന് ആരോപണം. ജൂലൈ ഒന്നു മുതലാണ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്.ഐ.എസ്.എഫ്)ന്റെ സേവനം മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നത്.

ഡെപ്യൂട്ടേഷനില്‍ നിയമിതരാകുന്ന എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക്
ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും എച്ച്‌ഡിഎസ് വരുമാനത്തില്‍ നിന്നു വേണം വകയിരുത്താന്‍. നിലവില്‍ ബാങ്ക് ഓവര്‍ഡ്രാഫ്റ്റില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന എച്ച്‌ഡിഎസ് സംവിധാനത്തെ ഇത് തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് എച്ച്‌ഡിഎസ് ജീവനക്കാര്‍ ആരോപിക്കുന്നത്.

ഇപ്പോഴുള്ളവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി കിട്ടാത്തതിനാല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. അത്യാഹിതവിഭാഗം സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോള്‍ ഇവര്‍ക്കായി അവിടെ ഫൈവ് സ്റ്റാര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

പുതിയ സംവിധാനം വരുന്നതോടെ ജീവനക്കാരല്ലാതെ പൊതുപ്രവര്‍ത്തകരടക്കം മറ്റാര്‍ക്കും നിശ്ചിത സമയത്തല്ലാതെ വാര്‍ഡുകളില്‍ പ്രവേശിക്കാനും കഴിയില്ല.