കോട്ടയത്തെ പരാജയം കേരള കോണ്‍ഗ്രസിനും ജോസ് കെ.മാണിക്കും കനത്ത പ്രഹരം; രാജ്യസഭാ സീറ്റും പോയാല്‍ ജോസിൻ്റെ രാഷ്ട്രീയഭാവി ചോദ്യചിഹ്നമാകും; ദയനീയ തോല്‍വി കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിൻ്റെ അറുപതാം വാർഷികത്തിൽ

കോട്ടയം: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്.

ജോസിൻ്റെ വരവോടെ എല്‍ഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വൻ മുന്നേറ്റം കൈവരിക്കാൻ മുന്നണിക്ക് കഴിഞ്ഞു.
പക്ഷെ പാലായില്‍ ജോസ് കെ.മാണി 15,000ത്തിലധികം വോട്ടിന് പരാജയപ്പെട്ടത് വിജയത്തിൻ്റെ എല്ലാ ശോഭയും കെടുത്തി.

52 വർഷം കെ എം മാണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് 2021ല്‍ ജോസിന് നഷ്ടപ്പെട്ടത്. പാലാ തൻ്റെ രണ്ടാം ഭാര്യയാണെന്നാണ് കെ എം മാണി എന്നും വിശേഷിപ്പിച്ചിരുന്നത്. ആ മണ്ഡലമാണ് ജോസ് കെ.മാണിക്ക് നഷ്ടപ്പെട്ടത്. വെറും തിരഞ്ഞെടുപ്പ് പരാജയം എന്നതിനേക്കാള്‍ വലിയ രാഷ്ട്രിയ നഷ്ടവുമാണ് ഇത് ജോസിനുണ്ടാക്കിയത്.

മുന്നണി അധികാരത്തിലെത്തിയിട്ടും മന്ത്രിയാകാൻ കഴിയാത്ത അവസ്ഥ തീർത്തും അപ്രതീക്ഷിതമായിരുന്നു. 2019ല്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മല്‍സരിച്ച തോമസ് ചാഴികാടൻ 1,06,251ൻ്റെ വൻ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥലത്താണ് ഇത്തവണ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. ജോസ് കെ.മാണിയുടെ പാർട്ടിയുടെ ഭാവിയെന്താകും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിൻ്റെ അറുപതാം വാർഷികത്തിലാണ് ഇത്ര ദയനീയ തോല്‍വി പാർട്ടിക്ക് നേരിടേണ്ടി വന്നത്. എല്ലാക്കാലത്തും കെ എം മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. കേരള കോണ്‍ഗ്രസിന് എന്നും താങ്ങും തണലുമായിരുന്ന കത്തോലിക്കാ സഭയുടെ പിന്തുണ പോലും ജോസിന് നഷ്ടമായി എന്നാണ് ചാഴികാടൻ്റെ പരാജയം സൂചിപ്പിക്കുന്നത്.