കോട്ടയം: ജനാധിപത്യ ചേരിക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കോട്ടയം.
എന്നാല്‍ അവിടെ ഇടതുപക്ഷം വിജയിച്ചപ്പോഴൊക്കെ ജനാധിപത്യ ചേരികളിലെ വിള്ളലുകള്‍ മുതലാക്കിയാണ് വിജയിച്ചിട്ടുള്ളത്.
പി.ജെ.ജോസഫ് തന്നെ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന സൂചനകള്‍ അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ പങ്കുവയ്ക്കുന്നു.
പി.ജെ മല്‍സരിക്കാനിറങ്ങിയാല്‍ ഇടത് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ ഇറക്കുന്നതിനെ കുറിച്ചുളള ആലോചനകള്‍ ഇടത് ക്യാമ്പിലും ശക്തമാണ്.
യുഡിഎഫില്‍ കോട്ടയം പാര്‍ലമെന്‍റ് സീറ്റ് ജോസഫ് ഗ്രൂപ്പിനെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി കഴിഞ്ഞു. പക്ഷേ ആര് മല്‍സരിക്കുമെന്നതാണ് ചോദ്യം. പാര്‍ലമെന്‍റില്‍ പോകണമെന്ന ആഗ്രഹം അഞ്ചാണ്ടു മുമ്ബത്തെ ഇലക്ഷന്‍ കാലത്ത് സാക്ഷാല്‍ കെഎം മാണിയ്ക്കു മുന്നില്‍ തുറന്നു പറഞ്ഞ് സീറ്റ് ഏതാണ്ട് ഉറപ്പിച്ചതാണ് ജോസഫ്.
പക്ഷേ അവസാന നിമിഷത്തെ കളികളില്‍ ജോസഫിന് സീറ്റു പോയി. അതുകൊണ്ടു തന്നെ ഇക്കുറി മല്‍സരത്തിന് ജോസഫിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ് കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍. അടിക്കടി കോട്ടയത്ത് എത്തുന്ന ജോസഫാകട്ടെ സീറ്റ് കാര്യത്തില്‍ മൗനത്തിലുമാണ്.
ഫ്രാന്‍സിസ് ജോര്‍ജും പി.സി.തോമസും തോമസ് ഉണ്ണിയാടനും സജി മഞ്ഞക്കടമ്പിലുമുള്‍പ്പെടെ സീറ്റ് ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്കു പോലും ജോസഫ് സാറിന്‍റെ മനസിലിരിപ്പ് മനസിലായിട്ടില്ല.
