കോട്ടയം: കോട്ടയത്ത് കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്ന് മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്
വെള്ളാനിയിൽ മണ്ണിടിച്ചിലും കൃഷിനാശവും. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ല. വാഗമണ്ണിലേക്ക് ഗതാഗതം തടസ്സപ്പെട്ടത് പുനസ്ഥാപിച്ചു.
മീനച്ചില്ലാറ്റിൽ പലയിടത്തും ജലനിരപ്പ് ഉയർന്നു. പലയിടങ്ങളിലും ശക്തമായ മണ്ണിടിച്ചിലുണ്ടായി. ഒരു റബ്ബർ മെഷീൻ പുര ഒഴുകി പോയി.
കോട്ടയം ജില്ലയുടെ മലയോരമേഖലയായ തീക്കോയി പഞ്ചായത്തിന്റെ പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും ഉണ്ടായി. ആളപായം ഉണ്ടായിട്ടില്ല. നിലവിൽ വെള്ളികുളം സ്കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നില്ല എന്ന് മീനച്ചിൽ താലൂക്കിൽ നിന്നും അറിയിച്ചിട്ടുണ്ട്.
നിലവിൽ ഉണ്ടായിരുന്ന ഗതാഗത തടസ്സം മാറ്റിയതായി ഈരാറ്റുപേട്ട ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ഗതാഗതം ഉണ്ടാകാൻ സാധ്യതയില്ല. ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നെരിയ തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
