കോട്ടയം ജനറല്‍ ആശുപത്രി ഇ-ഹെല്‍ത്ത് പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ച്‌ നടപ്പാക്കിയ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

നാളെ രാവിലെ 10.30ന് ഒ.പി. കൗണ്ടറിന് സമീപം നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും.

നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാകും. നോഡല്‍ ഓഫീസർ ഡോ. എം. മനു പദ്ധതി വിശദീകരിക്കും.