അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി മോഷണം; പക്ഷെ മോഷ്ടിച്ചത് മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. എന്നാൽ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.

സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി. അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദ‍ൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.