എരുമേലി: എരുത്വാപ്പുഴ മലവേടർ നഗറിൽ 68 കുടുംബങ്ങളുണ്ട്. ഇതിൽ 17 കുടുംബങ്ങൾക്കു ലൈഫ് പദ്ധതി വഴി വീടുകൾ അനുവദിച്ചു.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി നിർമാണം വിവിധ ഘട്ടങ്ങളിൽ മുടങ്ങിക്കിടക്കുന്നു. ഫണ്ട് ഇല്ലെന്നാണ് ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഇവരോടു പറയുന്നത്.
വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവർ പണം ലഭിക്കാനായി ഓഫിസുകൾ കയറി മടുത്തു. വീട് പൂർണമായി പൊളിച്ച ശേഷം മാത്രമേ ലൈഫ് പദ്ധതി വഴി വീടുകൾക്കുള്ള ആദ്യഘട്ട ധനസഹായം ലഭിക്കൂ.
അതിനാൽ ഈ കുടുംബങ്ങൾ നിലവിൽ താമസിച്ചിരുന്ന വീടുകൾ പൊളിച്ചുമാറ്റി ഷെഡുകളിലേക്ക് മാറിയ ശേഷമാണ് വീട് നിർമാണം ആരംഭിച്ചത്.
ടാർപോളിനും വില കുറഞ്ഞ പടുതയും കൊണ്ടു നിർമിച്ച താൽക്കാലിക ഷെഡുകൾ മഴക്കാലമായതോടെ ചോർന്നൊലിക്കുകയാണ്. വീട്ടുപകരണങ്ങളും നനഞ്ഞു കിടക്കുന്നു. നിർമാണത്തിലിരിക്കുന്ന വീടുകളുടെ തടി കട്ടിളയും ജനലുകളും എല്ലാം നിരന്തരം നനഞ്ഞ് ദ്രവിച്ചുതുടങ്ങി.
6 ലക്ഷം രൂപയാണ് ലൈഫ് പദ്ധതി വഴി എസ്ടി വിഭാഗത്തിലുള്ള കുടുംബങ്ങൾക്കു ലഭിക്കുന്നത്. പൊളിഞ്ഞു തുടങ്ങിയ ഷെഡിൽ എത്ര നാൾ കഴിയുമെന്ന് ഈ കുടുംബത്തിന് അറിയില്ല.
