ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്.
ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിമലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 9 അംഗ സംഘം പാമ്പാർ ലോഗ് ഹൗസ് ഭാഗത്ത് കാട് വെട്ടിത്തെളിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
ഒപ്പമുള്ളവർ ഓടി മാറിയെങ്കിലും ഏറ്റവും പുറകിലായിരുന്ന വിമലനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം മറയൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഈ വർഷം തുടങ്ങി 37 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് വിമലൻ.
