കോട്ടയം: ചുങ്കം പഴയ സെമിനാരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആസ്‌തിവികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപ അനുവദിച്ചു. പ്രശ്‌നം ചർച്ച ചെയ്യുന്നതിന് എംഎൽഎയുടെ നിർദേശപ്രകാരം റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സെമിനാരി പ്രതിനിധികൾ എന്നിവർക്കൊപ്പം ചേർന്ന ആലോചനാ യോഗത്തിലാണു തീരുമാനം അറിയിച്ചത്.
കൗൺസിലർ പി.ആർ.സോന അധ്യക്ഷത വഹിച്ചു. പ്രഫ.ജോസഫ് പി.വർഗീസ്, ഫാ. സി.സി.ചെറി യാൻ, സെമിനാരി മാനേജർ ഫാ. ജോസഫ് വർഗീസ്, പ്രഫ.പി.സി. വർഗീസ്, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി നാരായണൻ നായർ, ജേക്കബ് സി.നൈനാൻ, കോട്ടയം വീരമണി എന്നിവർ പ്രസംഗിച്ചു. ചെറിയ മഴയത്തു പോലും റോഡ് വെള്ളക്കെട്ടിൽ
മുങ്ങുന്നതിനാൽ മഴയുള്ള അവസരങ്ങളിൽ പ്രദേശവാസികൾക്കു പുറത്തിറങ്ങാൻ സാധിക്കാറില്ല. പ്രശ്‌ന പരിഹാരത്തിനു ചേർന്ന യോഗത്തിൽ നിർദേശങ്ങൾ എംഎൽഎക്കു മുൻപിൽ അവതരിപ്പിച്ചു. നിലവിലെ പ്രശ്നത്തെ റോഡിലെ വെള്ളക്കെട്ട്, പ്രളയം എന്നിങ്ങനെ രണ്ടായി കാണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
