വളഞ്ഞങ്ങാനത്ത് കൊക്കയിലേക്ക് വീണ കാര്‍ മരത്തില്‍ തട്ടി നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടത്തിൽപ്പെട്ടത് കോട്ടയത്തു നിന്നു കുമളിയിലേക്കു പോയ കാര്‍

കുട്ടിക്കാനം: വളഞ്ഞങ്ങാനത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്കു വീണു.

കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു സംഭവം.

കോട്ടയത്തു നിന്നു കുമളിയിലേക്കു പോവുകയായിരുന്ന കാര്‍ 800 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. കാര്‍ മരത്തില്‍ ഇടിച്ചുകിടന്നതാണു രക്ഷയായത്.
പീരുമേട്ടില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന, വാഹനത്തില്‍ കുടുങ്ങിയ നാലു യാത്രക്കാരെ രക്ഷപ്പെടുത്തി. ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അഗ്‌നിരക്ഷാസേനാ അസി. സ്റ്റേഷന്‍ ഓഫിസര്‍ എന്‍.പി.അജയകുമാറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.