കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ച് അപകടം; വെള്ളത്തിൽ വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയ്മനം കരിമഠത്തില്‍ സര്‍വീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി.

വാഴപറമ്പില്‍ രതീഷ് രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വര(12) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനശ്വര. അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്ബോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ നിന്ന് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്തി.