കോട്ടയം അടിച്ചിറയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ പ്രവാസി എൻജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കഴുത്തറുത്തത് വിദേശത്ത് നിന്നെത്തിച്ച കത്തി ഉപയോഗിച്ച്‌ ; മുറിവിന്റെ ആഴത്തിലും ദുരൂഹത.

 

കോട്ടയം: ഏറ്റുമാനൂര്‍ അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് (63) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി കെ.ജി അനീഷ്, ഗാന്ധിനഗര്‍ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ കെ. ഷിജി, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസര്‍ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ലൂക്കോസിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലൂക്കോസിന്റെ ഭാര്യ ലിൻസാണ് കഴുത്തറുത്ത് ബെഡ്‌റൂമില്‍ കിടക്കുന്ന നിലയില്‍ ലൂക്കോസിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, മകൻ ക്ലിൻസിനെയും അയല്‍വാസികളെയും വിവരം അറിയിച്ചു. ഇവരാണ് ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയ ശേഷം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് കഴുത്തിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയതിന് സമീപം വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തി കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ബെഡ്‌റൂമിന്റെ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിന്റെ ഇടത് വശത്തുനിന്ന് താഴേക്ക് ആഴത്തിലുള്ള മുറിവുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അബൂദബിയില്‍ എണ്ണ കമ്ബനിയില്‍ എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ മെയിലാണ് ജോലി അവസാനിപ്പിച്ച്‌ നാട്ടില്‍ എത്തിയത്.

നാളെ ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കണ്ണൂരില്‍ നടക്കാനിരിക്കെയാണ് ദുരൂഹ മരണം ഉണ്ടായത്. സംഭവത്തില്‍ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.