ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; 3 പേർക്ക് ദാരുണാന്ത്യം, അപകടം നടന്നത് കൊല്ലം കൊട്ടാരക്കരയിൽ

കൊല്ലം : കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാർ (45)എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി.

എട്ടു പേരാണ് അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. മണ്ണുമാറ്റി പുറത്തെടുത്ത അഞ്ച് പേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പർ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. രാവിലെ 7 മണിയോടെയായിരുന്നു അപകടം.