കൊല്ലം : കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കല്ലുവാതുക്കലില്‍ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവര്‍ മൊഴി നല്കി. എന്നാല്‍ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കുളമടയിലെ പെട്രോള്‍ പമ്പിൽ നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുര്‍ന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്ബില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എല്‍.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയില്‍ തന്നെയാണോ പ്രതികള്‍ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഇതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറല്‍ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചതിന്റെ ഭാഗമായി തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.
