‘ മകളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാല്‍ അത് അവളെ അപമാനിക്കുന്നതിന് തുല്യം, വേണ്ടത് നീതിയാണ് ; നഷ്ടപരിഹാരം നിഷേധിച്ച്‌ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം

കൊല്‍ക്കത്ത: സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ച്‌ കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം.
നഷ്ടപരിഹാരം വേണ്ട , അവളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാല്‍ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. വേണ്ടത് നീതിയാണെന്നാണ് പിതാവിന്റെ പ്രതികരണം. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ രാജ്യവ്യാപകമായി വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം രാത്രി വനിതകളുടെ പ്രതിഷേധവും നടന്നിരുന്നു. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പൊലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. പൊലീസിന്റെ കേസന്വേഷണത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്ന് സിബിഐ ഏറ്റെടുത്തു.
പിന്നാലെ കഴിഞ്ഞ ദിവസം സിബിഐ സംഘം ഡോക്ടറുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സിബിഐ ഉറപ്പു നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ വനിതാ ഡോക്ടറുടെ പിതാവ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.
ഇതിനു പിന്നാലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് അറസ്റ്റിലായി. പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും തെളിവുകള്‍ നശിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
പ്രതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടേയും കുടുംബത്തിന്റേയും ആവശ്യം.