കൊടും വേനലെത്തും മുൻപേ ഭാരതപ്പുഴ വറ്റിത്തുടങ്ങി ; പലയിടങ്ങളിലും മണല്‍പ്പരപ്പുള്‍ക്കിടയിലൂടെ നീര്‍ച്ചാലായാണ് ഒഴുക്ക്

 

പാലക്കാട് : ഭാരതപ്പുഴയിലേക്കു വെള്ളമെത്തുന്ന ജലസംഭരണികളില്‍ വെള്ളം കുറഞ്ഞതാണ് പ്രതിസന്ധിയായിരിക്കുന്നത്. പരന്നൊഴുകിയിരുന്ന ഭാരതപ്പുഴയൊരു നീര്‍ച്ചാലാണിപ്പോള്‍തടയണകളുള്ളിടത്ത് വെള്ളമുണ്ട്.കടുത്ത വേനല്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതിനകം തന്നെ ജലനിരപ്പ് ഇത്രത്തോളം താഴ്ന്നത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്.

പരമാവധി മഴ ലഭിക്കേണ്ട ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ കുറഞ്ഞതാണ് ഇത്ര പെട്ടെന്ന് ഭാരതപ്പുഴ വറ്റിത്തുടങ്ങാനുള്ള കാരണം. പാലക്കാട് ജില്ലയില്‍ ഇക്കാലയളവില്‍ മഴയിലുണ്ടായത് 40 ശതമാനത്തിന്‍റെ കുറവ്.. ഭാരതപ്പുഴയിലേക്കുള്ള പ്രധാന ജലസ്രോതസ്സുകളായ പാലക്കാട് ജില്ലയിലെ ഏഴു ഡാമുകളിലും ജല നിരപ്പ് കുറഞ്ഞത് നിളയെ ബാധിച്ചിരിക്കുന്നു.

മലമ്പുഴ  ഡാമില്‍ നിന്നുള്ള വെള്ളമാണ് ഭാരതപ്പുഴയിലേക്ക് പ്രധാനമായും എത്തുന്നത്. മലമ്ബുഴയില്‍ ഈ സമയത്ത് കഴിഞ്ഞ വര്‍ഷം സംഭരണ ശേഷിയുടെ 46 ശതമാനത്തോളം വെള്ളമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 22 ശതമാനം മാത്രം.

പോത്തുണ്ടി.വാളയാര്‍,മംഗലം,.ചുള്ളിയാര്‍ മീങ്കര ഡാമുകളിലും സമാനമാണ് സ്ഥിതി. കാഞ്ഞിരപ്പുഴ ഡാമില്‍ മാത്രമാണ് വെള്ളം കൂടുതലുള്ളത്. ഈ ഡാമുകളില്‍ നിന്നും ഭാരതപ്പുഴയിലേക്കെത്തുന്ന വെള്ളത്തിലും കാര്യമായ കുറവുണ്ടായിരിക്കുന്നു. വേനല്‍മഴ കാര്യമായി കിട്ടിയില്ലെങ്കില്‍ ഭാരതപ്പുഴയില്‍ നിന്നുള്ള കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും.