ഗതാഗത നിയന്ത്രണം; സിസിടിവി നിരീക്ഷണം; അധിക ബസ് സർവീസുകള്‍; ജനത്തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും നിര്‍ദ്ദേശം; പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച്‌ ഡിസംബർ 31-ന് നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, അധിക ബസ് സർവീസുകള്‍ എന്നിവ ഏർപ്പെടുത്താനും മേയർ വി.കെ. മിനിമോളുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ക്രമസമാധാന ചുമതലകള്‍ക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പോലീസിന്റെ നേതൃത്വത്തില്‍ പാർക്കിംഗ് സൗകര്യങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, സി.സി.ടി.വി. സംവിധാനങ്ങള്‍ എന്നിവ നടപ്പാക്കും.

പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിർദേശമുണ്ട്.
താല്‍ക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളില്‍ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റാളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും.

ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
തിരക്ക് പരിഗണിച്ച്‌ ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി. ഏഴ് അധിക ബസുകളും, സ്പെഷ്യല്‍ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ബയോ-ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും.