കൊച്ചിയിൽ സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം ; അപകടത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു

കൊച്ചി: എറണാകുളം പനങ്ങാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്.

എതിർ ദിശയിൽ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. രണ്ട് സ്ത്രീകളേയടക്കം മൂന്ന് പേരേയും ഗുരുതരാവസ്ഥയിൽ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.

 

മാടവന സിഗ്നലിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. അരൂർ ഭാഗത്ത് നിന്ന് വൈറ്റില ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ഈ ബൈക്ക് പൂർണമായി കത്തി നശിച്ചു.

 

ബൈക്കിന്റെ പെട്രോൾ ടാങ്കടക്കം പൂർണമായും കത്തി നശിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് തീ കെടുത്തിയത്. അതേസമയം ആദ്യം സ്കൂട്ടറിൽ ഇടിച്ച ബൈക്ക് നിർത്താതെ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലൂർ ഗോകുലം ഫൈനാൻസിൽ ജോലി ചെയ്യുകയായിരുന്നു സനില.