ആലപ്പുഴ :മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും കുടുംബത്തിന് സഹായങ്ങള്‍ നല്‍കുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. മരണം സംഭവിച്ച് ഒരു വര്‍ഷം ആകുമ്പോഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കുടുംബത്തിന് നല്‍കിയിട്ടില്ല. കുടുംബത്തിന് സ്ഥലവും വീടും നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും സാധ്യമാക്കിയിട്ടില്ല. ഇതിനിടെ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വസ്തു വാങ്ങാനായി മുൻകൂര്‍ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ചെയ്തു.
ഇതോടെ അനുവദിച്ച പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം.ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ നിദക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോര്‍ നിദ ഫാത്തിമയെന്ന പേരില്‍ രൂപവത്കരിച്ച ആക്ഷൻ കൗണ്‍സില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ചെയര്‍മാൻ യു.എം കബീറും ജനറല്‍ കണ്‍വീനര്‍ അഡ്വ. അല്‍ത്താഫ് സുബൈറും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 നാണ് നാഗ്‌പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്ബ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം അമ്ബലപ്പുഴ കാക്കാഴം സുഹ്റാ മൻസില്‍ ഷിഹാബുദീൻ – അൻസില ദമ്ബതികളുടെ മകള്‍ നിദ ഫാത്തിമ (10) മരണപ്പെട്ടത്. നീര്‍ക്കുന്നം എസ്.ഡി.വി.ഗവ:യു .പി .സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് നാഗ്പൂരില്‍ നടക്കുന്ന ദേശീയ സൈക്കിള്‍ പോളോ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാൻ പരിശീലകനൊപ്പം യാത്ര തിരിച്ചത്. കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം.ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
