തിരുവനന്തപുരം: കേരള സിലബസില്‍ ഹയര്‍സെക്കന്‍ഡറിക്കുചേരുന്ന കേന്ദ്രസിലബസുകാരുടെ എണ്ണത്തില്‍ വന്‍ കുറവ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഈ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സിലബസിന് പ്രിയം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2020ല്‍ പത്താം ക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറിക്ക് സംസ്ഥാന സിലബസിലെത്തിയിരുന്നു. ഇങ്ങനെ, 51.65 ശതമാനം പേര്‍ കേന്ദ്രസിലബസില്‍ നിന്നു മാറി. ഈവര്‍ഷം മാറിയത് 19,382 വിദ്യാര്‍ഥികള്‍ മാത്രമാണ്. അതായത്, 32.43 ശതമാനം.
2020-ല്‍ ഐ.സി.എസ്.ഇ. സിലബസില്‍ വിജയിച്ച 7936 വിദ്യാര്‍ഥികളില്‍ 3726 പേര്‍ കേരള സിലബസിലെത്തി. 2024-ല്‍ വിജയിച്ച 7517 പേരില്‍ 2385 വിദ്യാര്‍ഥികളേ വന്നിട്ടുള്ളൂ. വരവ് 2020-ല്‍ 46.95 ശതമാനമുള്ളത് 2024-ല്‍ 31.72 ശതമാനമായി കുറഞ്ഞു.
കോവിഡ് കാലയളവില്‍ കേന്ദ്രസിലബസിലെ പകുതിയിലേറെപ്പേര്‍ സംസ്ഥാന സിലബസില്‍ പഠിക്കാനെത്തിയിരുന്നു. ഫീസിലെ കുറവാണ് മുഖ്യകാരണമെന്നാണ് നിഗമനം. ഡല്‍ഹി സര്‍വകലാശാല പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാര്‍ക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനവും ഉയര്‍ന്ന വിജയശതമാനമുള്ള കേരള സിലബസിനെ ആകര്‍ഷകമാക്കി.
