സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ആദ്യമായി ബെവ്‌കോയുടെ തലപ്പത്ത് വനിത ഐപിഎസ് ഉദ്യോഗസ്ഥ, ഐജി എ അക്ബർ പുതിയ ഗതാഗത കമ്മീഷണർ, എഡിജിപി യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ബെവ്‌കോയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ. ഐജി ഹർഷിത അത്തല്ലൂരിയാണ് പുതിയ ബെവ്‌കോ എംഡി.

ബെവ്‌കോ എംഡിയായിരുന്ന എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. വിജിലൻസിൽ ടി കെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

ഐജി എ അക്ബറിനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഈ സ്ഥാനം വഹിച്ചിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ഏറെനാളായി തുടരുന്ന അഭിപ്രായ ഭിന്നതയുടെ പേരിലാണ് മാറ്റമെന്നാണ് സൂചന.

ഐജി സിഎച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി നിയമിച്ചു. അജീതാ ബീഗം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയാകും.

ഡിഐജി ജയനാഥിനെ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയാക്കി. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്‌ഞ്ചിന്റെ അധിക ചുമതലയും ഉണ്ടാകും.