തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളില്‍ നാശനഷ്ടമുണ്ടാകുന്ന വീടുകള്‍ക്ക് 10 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ നല്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി നല്കി.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, കനത്ത മഴ തുടങ്ങിയ ദുരന്തങ്ങളാല്‍ വീടുകള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടത്തുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (BPL വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.
സർക്കാർ പുറത്തുവിട്ട പദ്ധതിയുടെ രൂപരേഖ
1) പാരാമെടിക് ഇൻഷുറൻസ് (Parametric Insurance)
● നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയർന്ന ദുരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാല്‍ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും.
● ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.
● പണം ആദ്യം സർക്കാരിന് ലഭിക്കും. അത് നിർണ്ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി സർക്കാർ ഉപയോഗിക്കും.
● കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി
● ഇൻഷുറൻസ് കാലാവധി : 5 വർഷം
● പ്രീമിയം: മൊത്തം കവറേജിന്റെ 3% – 8% (ഉദാ: ₹500 കോടി കവറേജിന് ₹15-40 കോടി പ്രതിവർഷം),
2) ഇൻഡെംനിറ്റി ഇൻഷുറൻസ് (Indemnity Insurance)
● നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാല്‍ ആ പ്രദേശത്തെ ബിപിഎല്‍ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.
● വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങള്‍ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കില്‍ റാൻഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.
● വീടിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉള്‍പ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.
● ഒരു വീടിന് ഇൻഷുറൻസ് പരിരക്ഷ – 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തില്‍ നിന്നും വർധിപ്പിക്കുമ്പോള്‍ ആനുപാതികമായ വർദ്ധനവ് പ്രീമിയം തുകയില്‍ ഉണ്ടാകും)
● ദുരന്ത ഇൻഷുറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.
● പ്രീമിയം: 250/വീട് – 32.3 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൊത്തം ₹80.75 കോടി.
● ഗുണഭോക്താക്കള്‍: ബിപിഎല്‍ കുടുംബങ്ങള്‍, (മറ്റ് ദുർബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).
● ഒരു വീടിന്റെ ഇൻഷുറൻസ് പരിരക്ഷ – ₹10 ലക്ഷം വരെ.
● ഭാവിയില്‍: ബിപിഎല്‍ അല്ലാത്ത കടുംബങ്ങള്‍ക്കും നിർബന്ധിത ഇൻഷുറൻസ് (പ്രോപ്പർട്ടി രജിസ്ട്രേഷൻ/ബില്‍ഡിംഗ് പെർമിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .
