തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേല്‍ക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ള ചടങ്ങായിരുന്നു ഇത്. എന്നാല്‍ ഡിഎംകെ അടക്കം പറയുന്നത്, മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ്.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെയും കോണ്‍ഗ്രസും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്. കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്യെ ക്ഷണിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ വിജയ് പങ്കെടുത്തിരുന്നെങ്കില്‍ വലിയ ജനപ്രവാഹം പരിപാടിയിലേക്ക് ഉണ്ടാകുമായിരുന്നുവെന്നും അതിലൂടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി വിജയ് മാറുമായിരുന്നുവെന്നും ടിവികെ വൃത്തങ്ങള്‍ പറയുന്നു.
ഇത് സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരിനും കിട്ടേണ്ട ശ്രദ്ധ നഷ്ടമാക്കുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് വിജയ് പങ്കെടുക്കാതിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങളോട് പല ടിവികെ നേതാക്കളും പ്രതികരിച്ചത്.
അതേസമയം കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായ പിന്തുണ നല്‍കുന്നത് ഒഴിവാക്കാനാണ് വിജയ് വിട്ടുനിന്നതെന്ന് നിരീക്ഷകർ കരുതുന്നു.
