കേരള ജനത മറ്റന്നാൾ നിയസഭ തിരഞ്ഞെടുപ്പിന് വിധിയെഴുതും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായിവെക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കും.
