ചികിത്സക്ക് പണം കിട്ടാതെ മരിച്ച കരുവന്നൂരിലെ നിക്ഷേപകന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി; ശശിയുടെ മൂന്ന് ലക്ഷത്തിന്‍റെ കടം വീട്ടാമെന്ന് ഉറപ്പ് നല്‍കി താരം

സ്വന്തം ലേഖിക

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന പരാതി ഉന്നയിച്ച കുടുംബത്തെ നേരില്‍ കണ്ട് നടനും മുൻ എംപിയുമായ സുരേഷ്‌ഗോപി.

ഇന്ന് വൈകിട്ടോടെ ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സംസാരിച്ച സുരേഷ് ഗോപി ശശിയുടെ മൂന്നു ലക്ഷത്തിന്‍റെ കടം വീട്ടാമെന്ന് വാഗ്ദാനം നല്‍കി.

മണ്ണില്‍ പണിയെടുക്കുന്നവരുടെ വികാരം സിപിഎം കാണുന്നില്ലെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കടം വീട്ടാനുള്ള പണം നല്‍കാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ശശിയുടെ സഹോദരി മിനി പറഞ്ഞു.

ആറുമാസം കൂടുമ്പോള്‍ അമ്മയ്ക്ക് മരുന്ന് എത്തിക്കാമെന്ന് ഉറപ്പുനല്‍കിയതായും അവര്‍ പറഞ്ഞു. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30നാണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നുവെന്നാണ് കുടുബം പറയുന്നത്.

പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ ഓര്‍ക്കുന്നു.