കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്തുകൊണ്ട് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇഡിയോട് കോടതി.
ഗുരുതര കുറ്റം ചെയ്തവര്‍ പോലും സ്വതന്ത്രരായി തുടരുകയാണെന്നും എറണാകുളം പി.എം.എല്‍.എ കോടതി. പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയില്‍ പരിഗണിക്കവെയായിരുന്നു ഇഡിയോട് കോടതിയുടെ ചോദ്യം.
അരവിന്ദാക്ഷന്‍ അന്വേഷണത്തോട് സഹകരിക്കാത്തത്തിനാലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അവര്‍ അന്വേഷണത്തോട് സഹകരിച്ചിക്കുന്നത് കൊണ്ടാണെന്നും ഇഡി വിശദീകരിച്ചു.
തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാതെ തട്ടിപ്പിന് കൂട്ട് നിന്നവരെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു അരവിന്ദാക്ഷന്‍റെ വിമര്‍ശനം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും അരവിന്ദാക്ഷന്‍ കോടതിയോട് പറഞ്ഞു. ഫോണില്‍ വിളിച്ചപ്പോള്‍ പോലും ഹാജരായി എന്ന് പറഞ്ഞ അരവിന്ദാക്ഷന്‍, തന്നെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടി ആണെന്നും കുറ്റപ്പെടുത്തി.
ഇഡി വിവേചനം കാട്ടുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതാണ് പ്രകോപനമെന്നും അരവിന്ദാക്ഷൻ ആരോപിക്കുന്നു.
