കറുകച്ചാൽ: സൗന്ദര്യവർധക വസ്തുക്കളും തുണിത്തരങ്ങളും എത്തിച്ചുതരാമെന്ന് പറഞ്ഞ് കടയുടമയിൽനിന്നു 17,850 രൂപ തട്ടിയെടുത്തെന്നു പരാതി. കറുകച്ചാൽ അണിയറ വ്യാപാര സമുച്ചയത്തിലെ തയ്യൽ കടയിലാണ് സംഭവം.
35 വയസ്സിന് മുകളിൽ പ്രായമുള്ള 2 പേർ സ്കൂട്ടറിൽ കടയിലെത്തി സൗന്ദര്യവർധക വസ്തുക്കളും തുണിത്തരങ്ങളും മിതമായ നിരക്കിൽ എത്തിച്ചുനൽകാമെന്ന് പറഞ്ഞു. 25,000 രൂപ ഒരുമിച്ചു നൽകിയാൽ സാധനങ്ങൾക്ക് കൂടാതെ പ്രത്യേക സ്റ്റാൻഡുകളും കടയ്ക്ക് മുമ്പിൽ സ്ഥാപിക്കാനുള്ള ബോർഡും ഡമ്മിയും സൗജന്യമായി നൽകാമെന്നും കടയുടമയോടു പറഞ്ഞു.
സൗന്ദര്യ വർധക വസ്തുക്കളും തുണിത്തരങ്ങളും ഇവരെ കാണിച്ച് ബോധ്യപ്പെടുത്തി. പ്രമുഖ കമ്പനികളുടെ സാധനങ്ങൾ നേരിട്ട് കടയിൽ എത്തിക്കാമെന്നും ഉറപ്പു നൽകി. ഉടമയിൽനിന്നു പണം വാങ്ങി ബിൽ നൽകി അടുത്ത ദിവസം രാവിലെ 8ന് ബോർഡും സാധനങ്ങളുമായി വരാമെന്ന് പറഞ്ഞു സ്ഥലംവിട്ടു.
കടയിലെ നമ്പർ വാങ്ങിയ ശേഷം വിളിക്കാമെന്നു പറഞ്ഞ് സ്കൂട്ടറിൽ കടന്നു. ഇവർ നൽകിയ ബില്ലിൽ പേരോ വിലാസമോ ഫോൺ നമ്പറോ ഉണ്ടായിരുന്നില്ല. തട്ടിപ്പു മനസ്സിലായതോടെ കടയുടമ കറുകച്ചാൽ പോലീസിൽ പരാതി നൽകി.
