ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കോട്ടയം കറുകച്ചാൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പെരുവന്താനം: കൊട്ടാരക്കര- ഡിണ്ടിക്കല്‍ ദേശീയ പാതയില്‍ പുല്ലുപാറയ്ക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കറുകച്ചാല്‍ സ്വദേശി മുട്ടാട്ട് എം.എസ്. സനുഷ് (19) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടുകൂടിയായിരുന്നു അപകടം. ആറ് സുഹൃത്തുക്കളോടൊപ്പം മൂന്ന് ബൈക്കുകളിലായി കുട്ടിക്കാനം ഭാഗത്തേക്ക് പോകും വഴിയാണ് ഇവർ അപകടത്തില്‍പ്പെട്ടത്.

ബസിനടിയില്‍പ്പെട്ട സനുഷിനെ ഉടൻതന്നെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.