തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘ്പരിവാർ നിരീക്ഷകനായ ശ്രീജിത് പണിക്കരും തമ്മിലുള്ള വാക്പോരിനെ പരിഹസിച്ച് എഴുത്തുകാരി ദീപ നിശാന്ത്.
‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന സുരേന്ദ്രന്റെ പരിഹാസവും ഇതിന് മറുപടിയായി ‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്നു തുടങ്ങുന്ന ശ്രീജിത്തിന്റെ കുറിപ്പുമാണ് ദീപയുടെ പരിഹാസത്തിന് കാരണമായിരിക്കുന്നത്.
‘’ചാനലിൽ വൈന്നാരം വന്നിരിക്കാറുള്ള ‘ആക്രി നിരീക്ഷകൻ ‘ ‘കളളപ്പണിക്കർ ‘ ന്നൊക്കെ പറയുമ്പോ ആരെയായിരിക്കും സുരേന്ദ്രൻ ജി ഉദ്ദേശിച്ചിട്ടുണ്ടാവുക?’ എന്നായിരുന്നു സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ദീപയുടെ പോസ്റ്റ്.
എന്നാൽ, വൈകീട്ട് ശ്രീജിത് പണിക്കർ സുരേന്ദ്രന് മറുപടിയുമായി എത്തിയതോടെ ദീപ പോസ്റ്റ് എഡിറ്റ് ചെയ്തു. ‘‘സംശയം മാറി. എടാ ആക്രി നിരീക്ഷകാ … കള്ളപ്പണിക്കരേ… ന്ന് വിളിച്ചപ്പോഴേക്കും “ന്തോ…. ” ന്നും പറഞ്ഞ് ആരോ വിളി കേട്ടിട്ടുണ്ട്😃😃)’’ -എന്നായിരുന്നു ദീപയുടെ കൂട്ടിച്ചേർക്കൽ.
ഇന്നലെ രാവിലെ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ ശ്രീജിത്തിനെ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് പരിഹസിച്ചത്. ‘സുരേഷ് ഗോപിയെ തോൽപിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്ന് ചില ആക്രി നിരീക്ഷകന്മാരായ കള്ളപ്പണിക്കന്മാർ വൈകുന്നേരം ചാനൽ ചർച്ചകളിൽ വന്നു പറയുന്നു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണ്. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു.
പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ, ആക്രി നിരീക്ഷകന്മാരായ കള്ളപ്പണിക്കന്മാർ വൈകുന്നേരം ചാനൽ ചർച്ചകളിൽ വന്ന്, അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നെഗറ്റീവ് ഉണ്ടാക്കി.
ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണ്’ -കെ. സുരേന്ദ്രൻ പറഞ്ഞു.
