കര്‍ണാടകയില്‍ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ എടിഎം തുറക്കാന്‍ ശ്രമം; ഏഴുലക്ഷം ചാരമായി

 

ബംഗളൂരു  : കര്‍ണാടകയില്‍ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ എടിഎം തുറക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഏഴുലക്ഷം രൂപയോളം കത്തിനശിച്ചു. ബുധനാഴ്ച രാത്രി നെലമംഗലയിലാണ് സംഭവം.മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ തുറക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനില്‍ സൂക്ഷിച്ചിരുന്ന കറന്‍സികള്‍ കത്തിനശിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമയെ വിവരം അറിയിച്ചു. ഉടമ സംഭവസ്ഥലത്തേക്ക് എത്തിയതോടെ മോഷ്ടാക്കള്‍ സാധനങ്ങള്‍ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. കുറ്റകൃത്യത്തില്‍ രണ്ടുപേര്‍ക്ക് പങ്കുള്ളതായാണ് പ്രാഥമികവിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.