ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്ത് തട്ടിപ്പ്; വ്യക്തിഗത വായ്പ അവസാനിപ്പിക്കുന്നതിനായി പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത മുൻ പട്ടാളക്കാരിക്ക് 2.32 ലക്ഷം രൂപ നഷ്ടമായി .

 

കണ്ണൂർ : ബാങ്ക് ലോണ്‍ അടവ് അവസാനിപ്പിക്കുന്നതിനായി ഗൂഗിളില്‍ പരിശോധിച്ച ശേഷം ലഭിച്ച ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ഫോണ്‍ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടമായത്. ഫോണില്‍ വിളിച്ചപ്പോള്‍ ബാങ്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റാണെന്ന് ഒരാള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് അനുവാദം ചോദിച്ചു. അനുമതി നല്‍കിയതോടെ ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുകയും പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച്‌ പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു.

സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുന്നതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള എളുപ്പ വഴിയാണ് സ്‌ക്രീൻ ഷെയര്‍ ആപ്ലിക്കേഷനുകളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.