കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ബസിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ.
കുമളി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കെ.എസ്.ഷിബുമോൻ, കണ്ടക്ടർ മണികണ്ഠൻ എന്നിവരാണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ ആർ.ചെല്ലപ്പാണ്ടിയെ ആശുപത്രിയിലെത്തിച്ചു രക്ഷിച്ചത്.
കുമളിയിലേക്കുള്ള യാത്രയ്ക്കിടെ കാഞ്ഞിരപ്പള്ളി കഴിഞ്ഞപ്പോഴാണു യാത്രക്കാരനായ ചെല്ലപ്പാണ്ടിക്ക് അപസ്മാരം ഉണ്ടായി കുഴഞ്ഞുവീണത്.
തുടർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ അതിവേഗം മേരി ക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകാതെ ആശുപത്രിയിൽ എത്തിച്ചതിനാൽ യാത്രക്കാരനു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി.
