തിരുവനന്തപുരം : പേയാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പേയാട് ചെറുകോട് സംഭവം, വാഹനത്തിൽ നിന്ന് പതിനാറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ്
ചെറുകിട വിൽപ്പനക്കാർക്ക് നൽകാനാണ് പ്രതികൾ കൊണ്ടുവന്നത്.
വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലിൻ്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇന്നലെ രാത്രിയോടുകൂടി സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞിട്ട ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത്. തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ബിനോയ്,അസിസ്റ്റൻ്റ് എസ് ഐ ബിജു കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കും.
