പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

തൃശൂർ: പ്രശസ്ത നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് പിന്നാലെ നൃത്താധ്യാപിക സത്യഭാമയെ തള്ളി കേരള കലാമണ്ഡലം.

സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കുറിച്ച കലാമണ്ഡലം, സത്യാഭാമയുടെ നിലപാടുകള്‍ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്.

അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന്നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാൻ പറ്റാത്ത സാഹചര്യമെന്നായിരുന്നു ആർഎല്‍വി രാമകൃഷണൻ സംഭവത്തില്‍ പ്രതികരിച്ചത്.

വിഷയത്തില്‍ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങള്‍ക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നല്‍കിയത്.
ഒരാളെയും അധിക്ഷേപിച്ച്‌ യൂട്യൂബ് ചാനലില്‍ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയില്‍ നിന്ന് പലരും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു.