നാലുവര്‍ഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ് ജൂലായ് ഒന്നിന്; എല്ലാ അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ജൂലായ് ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ് നടക്കുന്നത്. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളേജ് – സർവ്വകലാശാലാ അദ്ധ്യാപക സംഘടനകളുടെയും അനദ്ധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തത്.

വർക്ക് ലോഡ് ഉള്‍പ്പെടെ അദ്ധ്യാപക സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ യോഗം വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് അദ്ധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച്‌ അനദ്ധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടി ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനദ്ധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.