സെക്‌സ് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ ബിലാല്‍,നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി : മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ ബിലാല്‍ എന്ന ശ്രീകുമാ‍ർ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.

ബിലാല്‍ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇത് വലിയ നെറ്റ് വർക്ക് ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

 

ഒരു ഡീലില്‍ ലഭിക്കുക 50000 – 100000 വരെയാണെന്നും കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. കേസില്‍ രണ്ട് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്. പരാതികള്‍ വിശദമായി പരിശോധിച്ച്‌ വരുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിനായി അന്വേഷണം ആരംഭിച്ചുവെന്നും സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിലാണ് അന്വേഷണം നടത്തുന്നതെന്നും കമ്മീഷണർ പറഞ്ഞു.

അതേസമയം കേസില്‍ അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം വീണ്ടും പുറത്ത് വന്നു. ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ഇടപാട് നടക്കുമ്പോള്‍ പണം കൈമാറപ്പെടുന്നതിൻ്റെ രീതിയാണ് ശബ്ദ സന്ദേശത്തില്‍ അലീന വിശദീകരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ റഹ്മത്തിനെ കുറിച്ചും സന്ദേശത്തില്‍ പരാമർശം ഉണ്ട്.നേരത്തെ അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നല്‍കാന്‍ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസില്‍ പരാതിപ്പെട്ടാള്‍ ‘അയാള്‍’ വിടില്ലെന്നാണ് മുന്നറിയിപ്പ്.

 

പണി തരുമെന്നും അലീന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഫാഷൻ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. ദുബായില്‍ വെച്ച്‌ യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപില്‍ കാഴ്ചവെച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.