‘കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി’; സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയെന്നും സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്നും ശശി തരൂർ എംപി.

ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു.

കെപിസിസി പുനഃസംഘടന സംബന്ധിച്ച്‌ ഔദ്യോഗിക ചർച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം.

കഴി‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്.
യുവാക്കള്‍ക്ക് അവസരം നല്‍കണം. നല്ല മാറ്റം വരുമെന്ന് തരൂർ പറഞ്ഞു.