‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും…! കെ ആര്‍ മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്‍ശനം

തിരുവനന്തപുരം: കുറച്ചു ദിവസങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലാണ് എഴുത്തികാരി കെ ആര്‍ മീര.

കോണ്‍ഗ്രസിനെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തു കൊണ്ട് കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഇവര്‍ നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ, കേരളം ഞെട്ടിയ അരുംകൊലയിലെ പ്രതിയെ ന്യായീകരിച്ചു കൊണ്ട് ലാഘവത്തടെ സംസാരിച്ചാണ് എഴുത്തുകാരി പുലിവാല് പിടിച്ചിരിക്കുന്നത്.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് എഴുത്തുകാരി കെ ആര്‍ മീര ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി തമാശയുമായി രംഗത്തുവന്നത്. ഇത് സൈബറിടങ്ങളില്‍ ചര്‍ച്ചയായതോടെ വിമര്‍ശനവും ശക്തമായി.

ഷാരോണ്‍ രാജ് വധവുമായി ബന്ധപ്പെട്ട് കൊലപാതകത്തെ തമാശയാക്കിയുള്ള സംസാരമാണ് വിവാദമായിരിക്കുന്നത്. ഒരു ബന്ധത്തില്‍ നിന്നിറങ്ങിപ്പോവാന്‍ സ്ത്രീകള്‍ക്ക് സമൂഹം അനുമതി നല്‍കാത്തപക്ഷം, അവള്‍ കുറ്റവാളി ആയേക്കാമെന്നും മീര പറയുന്നു.

‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും, ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം’ എന്നായിരുന്നു കെ ആര്‍ മീര വേദിയില്‍ പറഞ്ഞത്.

ഈ പ്രസ്താവനയ്ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ രംഗത്തെത്തി. ഈ തലമുറ കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായിട്ടുള്ള ഒരു കൊലപാതകമായിരുന്നു ഷാരോണ്‍ വധകേസ്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കീഴ്‌കോടതി പരമാവധി ശിക്ഷയും നല്‍കി. കഴിഞ്ഞ ദിവസം കോഴിക്കോട് KLF വേദിയില്‍ ചിരിച്ചുകൊണ്ടു എന്തു ലാഘവത്തോടെകൂടിയാണ് പ്രമുഖ എഴുത്തുകാരി കെ ആര്‍ മീര ഈവിഷയത്തില്‍ സംസാരിച്ചത് എന്ന് ഒന്ന് ശ്രദ്ധിക്കു. ഗാന്ധിവധത്തെക്കുറിച്ച്‌ മാത്രമല്ല ഷാരോണ്‍ വധത്തെക്കുറിച്ചും ഇവര്‍ക്ക് ഇമ്മാതിരി അഭിപ്രായങ്ങളുണ്ട്.കഷ്ടം’. ശബരിനാഥന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.