ജോസ് കെ മാണിയും പി പി സുനീറും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാര്‍; മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം; ഉത്തരവിറങ്ങി

തിരുവനന്തപുരം: രാജ്യസഭാംഗങ്ങളായി സി.പി.ഐയിലെ പി.പി. സുനീര്‍ , കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാന്‍ എന്നിവരെ തിരഞ്ഞെടുത്തു.

പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് എതിരില്ലാതെ ഇവരെ തെരഞ്ഞെടുത്തത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒൻപത് എംപിമാരാണുള്ളത്.

ഹാരിസ് ബീരാൻ

സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനറും ‍ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്. പൗരത്വ വിഷയം, പ്രവാസി വോട്ടവകാശം, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടതിയില്‍ വാദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഹജ് തീർഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശേരി രാജഗിരിയില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവെയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രഫസര്‍ ടി.കെ.സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.

ജോസ് കെ. മാണി

കേരള കോണ്‍ഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തനം. നിഷാ ജോസ് കെ.മാണിയാണു ഭാര്യ. മക്കള്‍ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.

പി.പി. സുനീർ

പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച സുനീർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍നിന്നും മത്സരിച്ചു. വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന സുനീർ എഐഎസ്‌എഫിലൂടെ സ്കൂള്‍ കാലത്തു തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. വെളിയങ്കോട് ഗവ. ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഡപ്യൂട്ടി ലീഡറായാണു തുടക്കം. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ പ്രീഡിഗ്രി. തുടർന്ന് തൃശൂർ കേരളവർമ കോളജിലെത്തിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്കു മാറുന്നത്. പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെനിന്നു പാസായ അദ്ദേഹം 2 തവണ കാലിക്കറ്റ് സർവകലാശാല വൈസ് ചെയർമാനുമായി.