യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റില്‍ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്യത് ജോസ് കെ മാണി

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റില്‍ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്യുമ്പോഴും, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂർണ്ണമായി പാലിക്കാത്തതില്‍ വിമർശനവുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി.

നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനോട് കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റബർ വില 300 രൂപയാക്കി ഉയർത്തുമെന്നായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

കൂടാതെ, സംസ്ഥാനത്ത് ഒരു പ്രത്യേക ‘കാർഷിക ബജറ്റ്’ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും ഇത്തവണ നടപ്പിലായില്ലെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ. മാണി, അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും കാർഷിക ബജറ്റുകള്‍ അവതരിപ്പിക്കുന്ന മാതൃക കേരളവും മാതൃകയാക്കേണ്ടതായിരുന്നുവെന്ന് വ്യക്തമാക്കി.

എങ്കിലും, ബജറ്റിലെ രണ്ട് പ്രധാന തീരുമാനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പാർട്ടിയ്ക്ക് വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കർഷകർക്ക് ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചതും, മത്സ്യത്തൊഴിലാളികള്‍ക്കായി ‘കടല്‍ അവകാശം’ പ്രഖ്യാപിച്ചതും പാർട്ടിയുടെ നിരന്തരമായ ആവശ്യങ്ങളുടെ വിജയമാണ്.

 

തങ്ങള്‍ മുന്നോട്ടുവെച്ച ഈ രണ്ട് പ്രധാന ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താൻ സർക്കാർ തയാറായതിനെ പാർട്ടി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വന്യമൃഗ ശല്യം തടയുന്നതിനായി ബജറ്റില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.

 

ഈ പുതിയ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം സംസ്ഥാനത്ത് ഏഴുപേരാണ് ആനയുടെ ആക്രമണത്തില്‍ ചവിട്ടേറ്റു മരിച്ചത്.

കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരെല്ലാം മനുഷ്യരല്ലേ എന്ന ഗൗരവമേറിയ ചോദ്യം ഉന്നയിച്ച അദ്ദേഹം, മലയോര ജനതയുടെ ജീവന് സംരക്ഷണം നല്‍കാൻ ബജറ്റില്‍ കൃത്യമായ പദ്ധതികള്‍ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

 

ബജറ്റില്‍ വലിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ യഥാർത്ഥത്തില്‍ നടപ്പിലാക്കുമ്പോള്‍ സർക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഒരു കാരണവശാലും കേന്ദ്രത്തിന്റെ രീതിയിലുള്ള ഭരണം ഉണ്ടാകാൻ പാടില്ല.

 

സംസ്ഥാനത്തെ ചില നിർണ്ണായക മേഖലകളില്‍ ഉദ്യോഗസ്ഥർ വന്നിരുന്ന് ഭരണം നിയന്ത്രിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടണം. സർവകലാശാലകളിലായാലും, കോടതികളിലായാലും, പൊതു ഭരണസംവിധാനത്തിലായാലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവമുള്ളതാണെന്നും, ഉദ്യോഗസ്ഥ മേധാവിത്വത്തിലൂടെയുള്ള കേന്ദ്ര ഭരണ ശൈലി കേരളത്തില്‍ ഉണ്ടാകാതിരിക്കാൻ സർക്കാർ അതീവ സൂക്ഷ്മത പാലിക്കണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.