അങ്കമാലിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പൊലീസിന് ക്ലീൻ ചിറ്റ്. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. പൊലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമായിരുന്നു ആലുവ ഡിവൈഎസ്പിയുടെ അന്വേഷണം. പ്രതിക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
മാർച്ച് ആറിനാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ജോര്‍ജ് പി മാത്യുവിന് അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ആം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ ജസ്‌ലിയയെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
