കേരളത്തിൽ ദളപതിയുടെ ജനനായകൻ എത്തുന്നത് ഈ സമയത്ത്; കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ ജനനായകൻ സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ സമയക്രമം പുറത്തുവന്നു. ജനനായകന്റെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്‌നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു. കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ് സിനിമകളുടെ റിലീസ് ദിനം ആഘോഷിക്കാറുള്ളത്. പുലർച്ച മുതലുള്ള ഷോകളും തിയേറ്ററിന് പുറത്ത് ഉയരുന്ന വമ്പൻ ഫ്‌ളക്‌സുകളുമായി ആഘോഷം പൊടിപൊടിക്കും. സാധാരണ നാല് മണിക്ക് തന്നെ കേരളത്തിലും വിജയ് ചിത്രങ്ങളുടെ ഫാൻസ് ഷോ തുടങ്ങാറുണ്ടെങ്കിലും ഇത്തവണ അതിൽ മാറ്റം വന്നിരിക്കുകയാണ്.

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. നാല് മണിക്ക് ഷോ നടത്താനാകുമെന്ന രീതിയിൽ വിജയ് ഫാൻസ് കേരളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സമയം മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ടികളിൽ ക്ഷമിക്കണമെന്ന് എസ്എസ്ആർ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി വൻ വിജയമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വിതരണക്കാർ പങ്കുവെച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്.വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.