വിജയ് നായകനായ ജനനായകൻ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കേസിൽ ഹർജി പിൻവലിക്കാൻ തീരുമാനിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിക്കും. ചിത്രത്തിന്റെ റിലീസ് വൈകുന്ന സാഹചര്യത്തിലാണ് നടപടി. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് പിടി ആശയ്ക്ക് മുൻപാകെയാണ് അപേക്ഷ നൽകിയത്. ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടു പോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലെത്തി. ഇതിനിടെ സുപ്രീം കോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഇപ്പോൾ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിടാനുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ തീരുമാനം അംഗീകരിയ്ക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് പറഞ്ഞു. റിവൈസിങ് കമ്മിറ്റി പരിശോധിച്ച ശേഷം വളരെ വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ച് ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതാണ് നീക്കത്തിന് പിന്നിൽ.
